പരിശീലനം പൂര്‍ത്തിയാക്കി പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത വനിതാ പോലിസ് ബറ്റാലിയന്‍ മൂന്നാമത് ബാച്ച് വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിലും പ്രൊഫഷനല്‍ മികവിലും ഏറെ മുന്നില്‍. പുറത്തിറങ്ങിയ 446 പേരില്‍ 120 പേര്‍ വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും 184 പേര്‍ ബിരുദവും ഉള്ളവരാണ്. എംസിഎ (രണ്ട്), എംബിഎ (ആറ്), എംടെക് (ആറ്), ബിടെക് (57), ബിഎഡ് (47) എന്നിങ്ങനെ പ്രൊഫഷനല്‍ ബിരുദ ധാരികളും കൂട്ടത്തിലുണ്ട്. 19 പേര്‍ വിവിധ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് രാജിവെച്ച് സേനയിലെത്തിയവരാണ്.
30 വയസ്സിനു താഴെ പ്രായമുള്ളവരാണ് കൂടുതല്‍ പേരും. 25 വയസ്സിനു താഴയുള്ളവര്‍ 23 പേരുണ്ട്. 277 പേര്‍ വിവാഹിതരാണ്. പരിശീലന കാലയളവില്‍ എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയതിന് ബെസ്റ്റ് ആള്‍ റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട എസ് ഐശ്വര്യ കമ്പ്യൂട്ടര്‍ സയന്‍സ്- സിസ്റ്റം എഞ്ചിനീയറിംഗില്‍ എംടെക് ഒന്നാം റാങ്കുകാരിയാണ്.
എംജി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ ഫിലോസഫിയില്‍ രണ്ടാം റാങ്ക് നേടിയ വല്ലാര്‍പാടം കടുമുണ്ടി പറമ്പില്‍ വീട്ടില്‍ കെ സി ആതിര, എംകോം ഫിനാന്‍സില്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നാലാം റാങ്ക് നേടിയ എറണാകുളം കുമ്പളങ്ങി കടവിപറമ്പില്‍ വീട്ടില്‍ കെ എസ് നീനു സ്റ്റെന്‍ സ്ലാവൂസ്, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നാലാം റാങ്ക് നേടിയ സുല്‍ത്താന്‍ ബത്തേരി പാറച്ചാലില്‍ വീട്ടില്‍ കൃഷ്ണ സഹദേവന്‍ തുടങ്ങിയവരും പോലീസ് സേനയുടെ ഭാഗമായി.
കോഴിക്കോട് ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്ട് റെസല്യൂഷന്‍ സെന്റര്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച എംസിഎ ബിരുദധാരി പേരാമ്പ്ര സ്വദേശി നൗഷിജ, വനിതാ വോളിബോള്‍ ദേശീയ ചാമ്പ്യനും കേരള ടീമംഗവുമായിരുന്ന വയനാട് നായ്‌ക്കെട്ടി സ്വദേശി സ്വദേശി വി എ അശ്വതി, ദേശീയ ജൂനിയര്‍ അത്‌ലെറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ് ജംപില്‍ രണ്ടാം സ്ഥാനം നേടിയ താമരശ്ശേരി സ്വദേശി വി സി സ്വാതി, ഹോക്കി താരം പാലക്കാട് മണ്ണംപാടം സ്വദേശി എസ് നീതു, രണ്ടുതവണ ഇന്റര്‍ കോളേജിയറ്റ് ക്വിസ് ചാമ്പ്യനായ കെ ശബ്‌ന, പ്രസംഗ രംഗത്ത് കഴിവ് തെളിയിച്ച ആലപ്പുഴ കലവൂര്‍ സ്വദേശി എസ് പി ആരതി, കഥകളി-കൂടിയാട്ടം കലാകാരി കൊയിലാണ്ടി സ്വദേശി കെ നീതി, എക്കണോമിക്‌സില്‍ എംഫില്‍ നേടിയ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി സിമി മോഹന്‍ദാസ് തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്.
വിവാഹം സ്വപ്‌നങ്ങള്‍ക്ക് തടസ്സമായില്ല: വനിതാ പൊലീസ് മൂന്നാമത് ബാച്ചില്‍ 277 വിവാഹിതര്‍
- Design