മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2021 ലെ ജെ.സി ഡാനിയൽ പുരസ്കാരത്തിന് സംവിധായകൻ കെ.പി കുമാരനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു .
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുര സ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന ജെ.സി ഡാനിയേൽ അവാർഡ് 2001 ജെ സി ഡാനിയേൽ അവാർഡ് ജേതാവും പിന്നണി ഗായകനുമായ പി ജയചന്ദ്രൻ ചെയർമാനും സംവിധായകൻ സിബി മലയിൽ , ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് , സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്
അരനൂറ്റാണ്ടുനീണ്ട് ചലച്ചിത്രസപര്യയിലൂടെ മലയാളത്തിലെ സമാന്തര സിനിമയ്ക്ക് നവീനമായ ദൃശ്യഭാഷയും ഭാവുകത്വവും പകർന്ന സംവിധായകനാണ് കെ.പി കുമാരൻ എന്ന് പുരസ്കാര നിർണയ സമിതി അഭിപ്രായപ്പെട്ടു .
1972 ൽ അന്താരാഷ്ട്ര പുരസ്കാരം നേടിയ ‘ റോക്ക് ‘ . 1975 ലെ അതിഥി ‘ എന്നീ ആദ്യകാല ചിത്രങ്ങൾ മുതൽ 2020 ൽ 83 -ാം വയസ്സിൽ കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിൽ ‘ വരെ സിനിമ എന്ന മാധ്യമത്തോട് വിട്ടുവീഴ്ചകളില്ലാത്ത തികച്ചും ആത്മാർത്ഥവും അർത്ഥ പൂർണവുമായ സമീപനം സ്വീകരിച്ച ചലച്ചിത്രകാരനാണ് അദ്ദേഹമെന്ന് ജൂറി റിപ്പോർട്ടിൽ പറയുന്നു .
യാഥാർഥ്യവും ഭ്രമാത്മകതയും കെട്ടുപിണയുന്ന ആഖ്യാനശൈലി കൊണ്ട് മലയാളത്തിലെ നവതരംഗ സിനിമകളിൽ നിർണായക സ്ഥാനമുള്ള ‘ അതിഥി ‘ , മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി എന്ന രചനയെ ആസ്പദമാക്കി നിർമ്മിച്ച് മികച്ച മലയാള ചിത്രത്തിനുള്ള 1988 – ലെ ദേശീയ അവാർഡ് നേടിയ ‘ രുഗ്മിണി ‘ തുടങ്ങിയ ചിത്രങ്ങൾ മലയാള ചലച്ചിത്ര ചരിത്രത്തിലെ അപൂർവ ദൃശ്യശിൽപ്പങ്ങളാണെന്ന് ജൂറി അഭിപ്രായപ്പെട്ടു .
മലയാളം ന്യൂവേവ് സിനിമകൾക്ക് തുടക്കം കുറിച്ച് സ്വയംവരത്തിന്റെ സഹരചയിതാവായി ചലച്ചിത്രജീവിതം ആരംഭിച്ച കെ.പി കുമാരന്റെ ‘ റോക്ക് എന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം 1972 ലെ ഏഷ്യാ 72 ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര പുരസ്കാരം നേടിയിട്ടുണ്ട് . അതിഥി ( 1975 ) , ലക്ഷ്മി വിജയം ( 1976 ) , തേൻ തുള്ളി ( 1978 ) , ആദിപാപം ( 1979 ) , കാട്ടിലെ പാട്ട് ( 1979 ) , നേരം പുലരുമ്പോൾ ( 1986 ) , രുഗ്മിണി ( 1988 ) , തോറ്റം ( 2000 ) . ആകാശഗോപുരം ( 2008 ) , ഗ്രാമവൃക്ഷത്തിലെ കുയിൽ ( 2020 ) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ .
2021-ലെ ജെ.സി ഡാനിയേൽ അവാർഡ് കെ പി കുമാരന്
- Design