കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരങ്ങള്‍

0

കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.വീണ വിദ്വാന്‍ എ.അനന്തപത്മനാഭന്‍, നാടകകൃത്തും സംവിധായകനുമായ സേവ്യര്‍ പുല്‍പ്പാട്ട് , നര്‍ത്തകിയും നൃത്തഅധ്യാപികയുമായ കലാമണ്ഡലം സരസ്വതി എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാമേഖലകളില്‍ സമഗ്രസംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്.50,000 രൂപയും ഫലകവും പ്രശസ്തിപത്രവും  ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 2024 ലെ അവാര്‍ഡിന് 18 പ്രതിഭകളെയും  ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തെരഞ്ഞെടുത്തു.60 വയസ്സിന് മുകളില്‍ പ്രായമുള്ള,കനപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രതിഭകളെയാണ് ഗുരുപൂജ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. അവാര്‍ഡ്,ഗുരുപൂജാ പുരസ്‌കാര ജോതാക്കള്‍ക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും  ശില്പവും ലഭിക്കും.പുരസ്‌കാര സമര്‍പ്പണ തിയ്യതി പിന്നീട് അറിയിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.

എ.അനന്തപത്മനാഭന്‍

               വീണവാദന രംഗത്തെ അനിഷേധ്യകലാകാരനാണ് എ.അനന്തപത്മനാഭന്‍, അദ്ദേഹത്തെ സംഗീതലോകത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് പിതാവായ ടി.എസ്.അനന്തകൃഷ്ണ അയ്യരാണ്.പിതാവില്‍ നിന്നും  പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചശേഷം,വീണ വാദനത്തില്‍ തന്റേതായ വഴി വെട്ടിതെളിക്കുകയായിരുന്നു അദ്ദേഹം.വീണ എന്ന സംഗീതോപകരണത്തിന്റെ അനന്തസാധ്യതകള്‍ സംഗീതത്തിന്റെ വിവിധ മേഖലകളില്‍ ഉപയോഗപ്പെടുത്തിയ അപൂര്‍വ്വം ചില  കലാകാരരില്‍ ഒരാളാണ് അദ്ദേഹം.ഓള്‍ ഇന്ത്യ റേഡിയോ തൃശ്ശൂരില്‍ 1975 മുതല്‍ 2011 വരെ സ്റ്റാഫ് വീണ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു.ഓള്‍ ഇന്ത്യ റേഡിയോയിലെ എ ടോപ്പ് ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയായ അദ്ദേഹം വിവിധ സംഗീത പരിപാടികളില്‍ ഡോ.ടി.കെ.മൂര്‍ത്തി, പാലക്കാട് രഘു,ഉമയാള്‍പുരം ശിവരാമന്‍,ടി.വി ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ണ്ണാടിക്-ഹിന്ദുസ്ഥാനി-വെസ്റ്റേണ്‍ സംഗീതത്തെ വീണയില്‍ സംയോജിപ്പിച്ച് ത്രിവേണിസംഗമം എന്ന പേരില്‍  ഏകത്വത്തില്‍ നാനത്വം എന്ന ആശയത്തിന്റെ പ്രചരണത്തിനായി അദ്ദേഹം ആവിഷ്‌കരിച്ച ആശയം ജനപ്രീതി നേടിയിരുന്നു.സംഗീതത്തിന്റെയും വീണവാദനത്തിന്റെയും വിവിധ മേഖലകളില്‍ അഗാധമായ അറിവുള്ള അദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്,ഗൂരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സേവ്യര്‍ പുല്‍പ്പാട്ട്

         നാടകത്തിന്റെ വിവിധ മേഖലകളില്‍ എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ കലാകാരനാണ് സേവ്യര്‍ പുല്‍പ്പാട്ട്.  നാടകകൃത്ത്,സം

  വിധായകന്‍,നടന്‍,നാടക സംഘാടകന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ പേര് കേരളത്തിലെ നാടകചരിത്രത്തിന്റെ ഭാഗമാണ്. അരനൂറ്റാണ്ടിലധികമായി കേരളത്തിലെ പ്രൊഫഷണല്‍,അമേച്വര്‍ നാടകരംഗത്ത് സംജീവമായി പ്രവര്‍ത്തിച്ചു വരുന്നു. പ്രശസ്ത പ്രൊഫഷണല്‍ നാടക സമിതിയായ ആലുവാ മൈത്രി കലാകേന്ദ്രത്തിന്റെ സ്ഥാപകന്‍ കൂടിയാണ്.65 ല്‍ അധികം നാടകങ്ങള്‍ രചിക്കുകയും 100 ല്‍ പരം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും 6000 ലധികം വേദികളില്‍ നടനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 17 നാടകങ്ങള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്തു. നാടകരചന, സംവിധാനം, അഭിനയം, സംഘാടനം എന്നിവ ഒരുമിച്ച് തുടര്‍ച്ചയായി നിര്‍വഹിച്ച് 29 വര്‍ഷം പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ഏക വ്യക്തിയാണ് സേവ്യര്‍ പുല്‍പ്പാട്ട്.  സീരിയലുകളിലും സിനിമയിലും ചെറു വേഷങ്ങളില്‍  അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നാടകരചന,സംവിധാനം,അവതരണം എന്നിവയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്.കേരളസംഗീത നാടക അക്കാദമിയുടെ  മുന്‍വൈസ്ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം.

കലാമണ്ഡലം സരസ്വതി.

       കേരളത്തിലെ നൃത്തലോകത്തിന്റെ പ്രസന്നമായ മുഖമാണ് കലാമണ്ഡലം സരസ്വതി.പാലക്കാട് കുഴല്‍മന്ദത്തെ യഥാസ്ഥിതിക തമിഴ്ബ്രാഹ്‌മിണ കുടുംബത്തില്‍ ജനിച്ച ഇവര്‍ ചെറുപ്രായത്തില്‍തന്നെ സംഗീതത്തിലും നൃത്തത്തിലും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കേരള കലാമണ്ഡലത്തില്‍ ചേര്‍ന്ന്,അവിടെ നിന്നും റാങ്കോടെ കലാവിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ഭരതനാട്യം ഗുരു ഭാസ്‌കരറാവിനും പദ്മാസുബ്രഹ്‌മണ്യത്തിനും  ചിത്രവെങ്കിടേശ്വരത്തിനും  മോഹിനിയാട്ടം കലാമണ്ഡലം സത്യഭാമയ്ക്കും കൂച്ചിപ്പുടി ഡോ.വെമ്പട്ടിചിന്നസത്യത്തിനും കീഴിലും അഭ്യസിച്ചു.1972 ല്‍ കോഴിക്കോട് നൃത്താലയ എന്നപേരില്‍ ഡാന്‍സ് വിദ്യാലയം ആരംഭിക്കുകയും ചെയ്തു.പ്രശസ്തകവികളുടെ കവിതകള്‍ക്ക് നൃത്തഭാഷ്യം ഒരുക്കിയും നൃത്താലയ പ്രസിദ്ധമായി.മികച്ച നര്‍ത്തകിയും നൃത്താധ്യാപികയും കൂടിയായ ഇവര്‍ നിരവധി വിദേശരാജ്യങ്ങളില്‍ അടക്കം പരിപാടി  അവതരിപ്പിച്ചിട്ടുണ്ട്.നടന്‍ വിനീത്,ജോമോള്‍,നീരജ്മാധവ്,അഞ്ജു അരവിന്ദ് എന്നീ നര്‍ത്തകര്‍ ഇവരുടെ സഭാവനയാണ്. കേരളസംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഇവര്‍ ഇപ്പോള്‍ കേരള കലാമണ്ഡലത്തിന്റെ ഡീന്‍കൂടിയാണ്. സാഹിത്യകുലപതി എം.ടി.വാസുദേവന്‍നായരുടെ ജീവിത പങ്കാളിയും ആണ്.

 അവാര്‍ഡ് 2024

1. ചേപ്പാട് എ.ഇ.വാമനന്‍ നമ്പൂതിരി – ശാസ്ത്രീയസംഗീതം  (വായ്പ്പാട്ട്)

2. ആവണീശ്വരം വിനു – വയലിന്‍

3. തൃക്കരിപ്പൂര്‍ രാമകൃഷ്ണമാരാര്‍ – ചെണ്ട

4. മഹേഷ് മണി – തബല

5. സ്റ്റീഫന്‍ ദേവസ്സി – കീബോര്‍ഡ്

6. മിന്‍മിനി ജോയ് – ലളിതസംഗീതം

7.കോട്ടയം ആലീസ് – ലളിതഗാനം
  (ആലീസ് ഉണ്ണികൃഷ്ണന്‍)

8. ഡോ.ശ്രീജിത്ത് രമണന്‍ – നാടകം(നടന്‍, സംവിധായകന്‍?)

9. അജിത നമ്പ്യാര്‍ – നാടകം(നടി)

10. വിജയന്‍.വി.നായര്‍ – നാടകം( നടന്‍, സംവിധായകന്‍)

 11. ബാബുരാജ് തിരുവല്ല – നാടകം (നടന്‍)

12. ബിന്ദു സുരേഷ് (ബിന്ദു.എം.എസ്) – നാടകം (നടി)

13. കപില – കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത്

14. കലാമണ്ഡലം സോമന്‍ – കഥകളിവേഷം

15. ഡോ.കലാമണ്ഡലം രചിതരവി – മോഹിനിയാട്ടം

16. അപര്‍ണ വിനോദ്മേനോന്‍ – ഭരതനാട്യം

17. കലാഭവന്‍ സലീം – മിമിക്രി

18. ബാബു കോടഞ്ചേരി – കഥാപ്രസംഗം

ഗുരുപൂജ പുരസ്‌കാരം 2024

1.ബാബുനരേന്ദ്രന്‍.ജി.കടയ്ക്കല്‍ – ശാസ്ത്രീയസംഗീതം

2.കെ.എസ്.സുജാത – ശാസ്ത്രീയസംഗീതം  

3.ചെമ്പഴന്തി ചന്ദ്രബാബു – ഗാനരചന

4.കലാമണ്ഡലം ലീലാമണി.ടി.എന്‍ – നൃത്തം

5.ബേണി.പി.ജെ   – ഗിറ്റാര്‍, മാന്‍ഡൊലിന്‍

6.കോട്ടയ്ക്കല്‍ നാരായണന്‍ – കഥകളിസംഗീതം

7.പാറശ്ശാല വിജയന്‍ – നാടകം(നടന്‍)
(കെ.വിജയകുമാര്‍)

8.പി.എ.എം.ഹനീഫ് – നാടകകൃത്ത്

9.എം.ടി.അന്നൂര്‍ – നാടകം( സംവിധായകന്‍,നടന്‍)

10.കൊല്ലം തുളസി –   നടന്‍, നാടകകൃത്ത്
(തുളസീധരന്‍ നായര്‍.എസ്)

11.കെ.പി.ഏ.സി.രാജേന്ദ്രന്‍ – നാടകം( നടന്‍)

12.സുദര്‍ശനന്‍വര്‍ണം – രംഗശില്പം

13.കെ.കെ.ആര്‍.കായിപ്പുറം – നാടകരചന
   (കെ.കെ.രത്തിനന്‍)  

14.മാന്നാനം ബി.വാസുദേവന്‍ – ശാസ്ത്രീയസംഗീതം

15.കലാമണ്ഡലം അംബിക – ശാസ്ത്രീയസംഗീതം  

16 കരിയപ്പിളളി മുഹമ്മദ് – ദീപവിതാനം
   (കെ.എം.മൂഹമ്മദ്)

17.കുട്ടമത്ത് ജനാര്‍ദ്ദനന്‍ – ഓട്ടന്‍തുളളല്‍

18. ജയപ്പന്‍ പളളുരുത്തി – തബല
    (കെ.വി.ജയപ്രകാശന്‍)

19. നെട്ടയം സൈനുദ്ദീന്‍ – നാടകം

20. കിളിയൂര്‍ സദന്‍ – കഥാപ്രസംഗം

21. മുക്കം സലിം – മൃദംഗം

22. കലാഭവന്‍ നൗഷാദ് – മിമിക്രി

കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരങ്ങള്‍

Comments
Loading...