തിരുവനന്തപുരം: വികസനം, ക്ഷേമം, സേവനം എന്നിവയെപോലെ തന്നെ തൊഴിലും ജനങ്ങളുടെ അവകാശമാണ് എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടാണ് കേന്ദ്ര സര്‍വ്വീസുകളില്‍, കേന്ദ്ര സേനകളില്‍, റെയില്‍വേയില്‍, കേന്ദ്ര പൊതുമേഖലയില്‍ എന്നിങ്ങനെ രാജ്യത്തെ ഏറ്റവുമുയര്‍ന്ന തൊഴില്‍ദാതാക്കളായ സ്ഥാപനങ്ങളില്‍ ദശലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയും നിയമനനിരോധനം നിലനില്‍ക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ കേരളത്തിലെ പി എസ് സി രാജ്യത്തിനാകെ മാതൃകയാവുന്നത്. അതിനെ താറടിക്കാനുള്ള ആസൂത്രിത ശ്രമങ്ങളുണ്ടായിട്ടും രണ്ടര ലക്ഷത്തോളം നിയമന ശിപാര്‍ശകളാണ് 2016 ജൂണ്‍ മുതല്‍ക്കിങ്ങോട്ടുള്ള കാലയളവില്‍ കേരള പി എസ് സി നല്‍കിയിട്ടുള്ളത്. ഇക്കാലയളവില്‍ 30,000 ത്തോളം അധിക തസ്തികകളാണ് സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുള്ളത്. പൊതു മേഖലാ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
