സിന്ധു-ഗംഗ-ബ്രഹ്‌മപുത്രാസമതലം
ഉത്തരപർവതമേഖലയുടെ തെക്കുഭാഗത്തായും ഉപദ്വീപീയപീഠഭൂമിയുടെ വടക്കായും സ്ഥിതിചെയ്യുന്ന വിസ്തൃതമായ ഭൂവിഭാഗം ഏതാണ്?
സിന്ധു-ഗംഗ-ബ്രഹ്‌മപുത്രാസമതലം
സിന്ധു-ഗംഗ-ബ്രഹ്‌മപുത്രാസമതലം ഏത് തരം മണ്ണ് കൊണ്ടുള്ള സമതലമാണ്?
എക്കൽ.
നദികൾ ഒഴുക്കിക്കൊണ്ടുവരുന്ന ചെളി, മണൽ, ചരൽ എന്നിവ ഉൾപ്പെടെയുള്ള ശിലാവശിഷ്ടങ്ങളാണ്?
എക്കൽ
ഭൂരൂപരൂപീകരണ സഹായികൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?
ഒഴുകുന്ന വെള്ളം, കാറ്റ്, ഹിമാനികൾ, തിരമാല
ഭൗമോപരിതലത്തിൽ പ്രവർത്തിക്കുന്ന ബാഹ്യശക്തികളുടെ നിരന്തരമായ പ്രവർത്തനഫലമായി ഭൗമോപരിതലത്തിൽ വൈവിധ്യമാർന്ന ഭൂരൂപങ്ങളുണ്ടാകുന്നു. ഇത്തരം ബാഹ്യശക്തികളെയാണ് ഭൂരൂപരൂപീകരണ സഹായികളെന്ന് വിശേഷിപ്പിക്കുന്നു.
നിക്ഷേപണം- ഭൗതികവും രാസികവും ജൈവികവുമായ പ്രക്രിയകളിലൂടെ ശിലകൾ പൊടിഞ്ഞുണ്ടാകുന്ന ശിലാവസ്തുക്കളെ ബാഹ്യശക്തികൾ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീക്കിക്കൊണ്ടുപോകുകയും താഴ്ന്ന പ്രദേശങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്ന പ്രക്രിയ.
ഹിമാലയത്തിൽനിന്നും ഉപദ്വീപീയ ഇന്ത്യയിൽനിന്നും ഉത്ഭവിച്ചൊഴുകുന്ന നദികൾ വഹിച്ചുകൊണ്ടുവന്ന അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട സമതലം?
സിന്ധു-ഗംഗ-ബ്രഹ്‌മപുത്രാ സമതലം
ഹിമാലയരൂപീകരണഫലമായി ഹിമാലയത്തിന്റെ തെക്കായി രൂപപ്പെട്ട അതിവിശാലമായ തടത്തിൽ അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട സമതലം?
സിന്ധു-ഗംഗ-ബ്രഹ്‌മപുത്രാ സമതലം
സിന്ധു-ഗംഗ-ബ്രഹ്‌മപുത്രാ സമതലത്തിലെ എക്കൽ നിക്ഷേപത്തിന്റെ കനം?
1000 മീറ്റർ മുതൽ 2000 മീറ്റർ വരെ
സിന്ധു-ഗംഗ-ബ്രഹ്‌മപുത്രസമതലത്തിലൂടെ ഒഴുകുന്ന നദികൾ ഏതെല്ലാം?
സിന്ധു, ഗംഗ, ബ്രഹ്‌മപുത്ര, യമുന, ഝലം, ചെനാബ്, രവി, സത്‌ലജ്, ബിയാസ്, കാളി, ലൂണി, സിന്ധ്, ബെത്വ, കെൻ, സോൺ, ഗോമതിക, ഘാഘര, ഗണ്ഡക്, കോസി, ടീസ്ത, മാനസ്, ദിബാംഗ്, ലോഹിത്
ഹിമാലയത്തിൽനിന്നും ഉദ്ഭവിച്ചൊഴുകുന്ന നദികൾ?
ഹിമാലയൻ നദികൾ
ഉപദ്വീപീയപീഠഭൂമിയിൽനിന്നും ഉദ്ഭവിച്ചൊഴുകുന്ന നദികൾ?
ഉപദ്വീപീയ നദികൾ
സിന്ധു-ഗംഗ-ബ്രഹ്‌മപുത്ര സമതലത്തിന്റെ നീളം?
3200 കിലോമീറ്റർ
സിന്ധു-ഗംഗ-ബ്രഹ്‌മപുത്ര സമതലം ഏത് മുതൽ ഏത് വരെ സ്ഥിതി ചെയ്യുന്നു?
സിന്ധു നദീമുഖം മുതൽ ഗംഗാ നദീമുഖം വരെ
കിഴക്കുനിന്നും പടിഞ്ഞാറോട്ട് വിശാലമാകുന്ന സിന്ധു-ഗംഗ-ബ്രഹ്‌മപുത്ര സമതലത്തിന്റെ ശരാശരി വീതി?
150 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ
സിന്ധു-ഗംഗ-ബ്രഹ്‌മപുത്ര സമതലത്തിന്റെ അതിരുകൾ?
വടക്ക് സിവാലിക്പർവതനിരകളും തെക്ക് ഉപദ്വീപീയപീഠഭൂമിയുടെ ക്രമരഹിതമായ വടക്കൻ അരികുകളും
സിന്ധു-ഗംഗ-ബ്രഹ്‌മപുത്ര സമതലത്തിന്റെ വിസ്തീർണം?
ഏകദേശം 7 ലക്ഷം ചതുരശ്ര കിലോമീറ്റർ
സിന്ധു-ഗംഗ-ബ്രഹ്‌മപുത്ര സമതലത്തെ കൃഷിക്ക് അനുയോജ്യമാക്കുന്ന സവിശേഷതകൾ എന്തെല്ലാം?
വളക്കൂറുള്ള മണ്ണ്, മതിയായ ജലലഭ്യത, അനുകൂല കാലാവസ്ഥ, പരന്ന ഭൂപ്രകൃതി നദീവ്യവസ്ഥ, നദികളുടെ ഒഴുക്കിന്റെ ദിശ, ഭൂപ്രകൃതിയുടെ സവിശേഷത എന്നിവയെ അടിസ്ഥാനമാക്കി സിന്ധു-ഗംഗ-ബ്രഹ്‌മപുത്ര സമതലത്തിനെ നാല് പ്രാദേശിക വിഭാഗങ്ങളായി തിരിക്കുന്നു. അവ ഏതെല്ലാം?
രാജസ്ഥാൻ സമതലം, പഞ്ചാബ്-ഹരിയാന സമതലം, ഗംഗാസമതലം, ബ്രഹ്‌മപുത്രാസമതലം
രാജസ്ഥാൻ സമതലം
അരാവലി പർവതനിരയുടെ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
ഉത്തരേന്ത്യൻ സമതലത്തിന്റെ പടിഞ്ഞാറേ അറ്റമാണ്.
ഥാർമരുഭൂമി ഉൾപ്പെടുന്നു.
ഥാർമരുഭൂമിയുടെ മൂന്ന് രണ്ട് ഭാഗവും രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്നു.
ബാക്കി ഭാഗം ഹരിയാന, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്നു.
ഥാർ മരുഭൂമിയെ യഥാർത്ഥ മരുഭൂമിമേഖല അഥവാ മരുസ്ഥലി എന്നും അർധമരുഭൂമിമേഖള (അർധവരണ്ട സമതലം) അഥവാ രാജസ്ഥാൻ ബാഗർ എന്നും തരംതിരിക്കുന്നു.
കാലികമായി മാത്രം നീരൊഴുക്കുള്ള ലൂണി രാജസ്ഥാൻ സമതലത്തിലെ പ്രധാന നദിയാണ്.
രാജസ്ഥാൻ സമതലത്തിലെ പ്രധാന ഉപ്പുതടാകങ്ങൾ- സാംഭർ, ദിദ്വാന, സർഗോൾ
പഞ്ചാബ്-ഹരിയാന സമതലം
രാജസ്ഥാൻ സമതലത്തിന്റെ കിഴക്കും വടക്കുകിഴക്കുമായി വ്യാപിച്ചിരിക്കുന്ന സമതലഭാഗം.
ഉത്തരേന്ത്യൻ സമതലത്തിന്റെ പടിഞ്ഞാറ് ഭാഗം.
രാജസ്ഥാൻ സമതലത്തിന്റെ കിഴക്കോട്ടും വടക്കുകിഴക്കോട്ടും ഭാഗങ്ങളിൽ ഉത്തരേന്ത്യൻ സമതലം ഫലഭൂയിഷ്ഠമായ സമതലമാകും.
കിഴക്കൻ അതിര്- യമുനാനദി
പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്നു
വ്യാപ്തി- ഏകദേശം 1.75 ലക്ഷം ചതുരശ്ര കിലോമീറ്റർ
പഞ്ചാബ്‌സമതലം സത്‌ലജ്, ഝലം, ചിനാബ്, രവി, ബിയാസ് നദികൾ വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിച്ച് രൂപപ്പെട്ടതാണ്.
പഞ്ചാബ്- അഞ്ചുനദികളുടെ നാട്
ദോബ് എന്നാലെന്താണ്- പരസ്പരം കൂടിച്ചേരുന്ന രണ്ടു നദികൾക്കിടയിലുള്ള കരഭാഗം
പഞ്ചാബ്-ഹരിയാന സമതലത്തെ പ്രധാനമായും എത്ര ദോബുകളായി തിരിച്ചിരിക്കുന്നു- അഞ്ച്
ബിസ്ത്- ജലന്ധർ ദോബ്: ബിയാസ്, സത്‌ലജ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു
ബാരി ദോബ്: ബിയാസ്, രവി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു
രച്‌നാ ദോബ്: രവി, ചിനാബ് എന്നീ നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു
ചാജ് ദോബ്: ചിനാബ്, ഝലം നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു
മിയാൻഡറുകളും ഓക്‌സ്-ബോ തടാകങ്ങളും
നദി താരതമ്യേന ചരിവ് കുറഞ്ഞതോ നേരിയ ചരിവുള്ളതോ ആയ പ്രദേശങ്ങളിലൂടെ കടന്നു പോകുമ്പോൾ അവസാദനിക്ഷേപങ്ങൾ നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും അതിന്റെ ഫലമായി നദി വളഞ്ഞ് പുളഞ്ഞ് ഒഴുകി വലയങ്ങൾ (മിയാൻഡറുകൾ) സൃഷ്ടിക്കുകയും ചെയ്യുന്നു. തുടർച്ചയായ അപരദന നിക്ഷേപണപ്രക്രിയ മൂലം ഇത്തരം വലയങ്ങൾ കൂടുതൽ വളയുന്നു. പിന്നീട് ഒഴുക്കുകൂടുമ്പോൾ നദി നേർഗതി സ്വീകരിക്കുകയും നിക്ഷേപണംമൂലം വളഞ്ഞൊഴുകിയ ഭാഗം നദിയുടെ പ്രധാന ഭാഗത്തുനിന്നും വേർപെട്ട് ഒറ്റപ്പെട്ട തടാകങ്ങായി മാറുകയും ചെയ്യുന്നു. ഇത്തരം തടാകങ്ങളാണ് ഓക്‌സ്-ബോ തടാകങ്ങൾ.
നദികൾ വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നതിനെ നദീമിയാൻഡറിങ് അല്ലെങ്കിൽ നദീവലയങ്ങൾ എന്ന് പറയുന്നു.
പ്രളയസമതലങ്ങൾ
പ്രളയസമയത്ത് നദികൾ കരകവിഞ്ഞ് ഒഴുകുമ്പോൾ അവ ഒഴുക്കിക്കൊണ്ടുവരുന്ന എക്കൽ ഇരുകരകളിലും നിക്ഷേപിക്കപ്പെട്ട് രൂപംകൊള്ളുന്ന സമതലങ്ങളെ പ്രളയസമതലങ്ങൾ എന്ന് വിളിക്കുന്നു.
കൃഷിക്ക് ഏറെ അനുയോജ്യം
ഇത്തരം പ്രളയ സമതലങ്ങളിലാണ് ലോകപ്രശസ്തമായ നദീതടസംസ്‌കാരങ്ങൾ ഉടലെടുത്തത്
ഭൂപ്രകൃതിസവിശേഷതകളുടെ അടിസ്ഥാനത്തിൽ ഉത്തരേന്ത്യൻ സമതലത്തെ വടക്കുനിന്നും തെക്കോട്ട് മൂന്നായി തിരിക്കാം. അവയേതെല്ലാം?
ഭാബർ, ടെറായ്, എക്കൽസമതലങ്ങൾ
ഭാബർ സിവാലിക് പർവതനിരയ്ക്ക് സമാന്തമാരമായി അതിന്റെ തെക്കുഭാഗത്ത് കാണുന്ന ഭാഗം.
സിവാലിക് മലയടിവാരത്തിന് സമാന്തരമായി ചരിവ് അവസാനിക്കുന്നിടത്തുനിന്നും ഏകദേശം 8 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ വിസ്തൃതിയുള്ള ഭൂഭാഗം.
പർവതത്തിൽ നിന്നും നദികൾ കൊണ്ടുവരുന്ന ഉരുൾ കല്ലുകളും പാറകളും നിക്ഷേപിക്കപ്പെട്ടാണ് ഈ ഭാബർ രൂപപ്പെട്ടിട്ടുള്ളത്.
ഉരുളൻ കല്ലുകളുടേയും പാറകളുടേയും അടിയിലൂടെ നദികൾ ഒഴുകുന്നതിനാൽ ഭാബർ ഭാഗത്ത് നദികൾ ദൃശ്യമാകുന്നില്ല.
ടെറായ്- ഭാബർമേഖലയ്ക്ക് സമാന്തരമായി ഏകദേശം 10 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ വീതിയിൽ കാണപ്പെടുന്ന വെള്ളക്കെട്ടുള്ള ചതുപ്പുനിലങ്ങൾ.
ഭാബർ മേഖലയിൽ അപ്രത്യക്ഷമാകുന്ന നദികൾ ടെറായിൽ പുനർജനിക്കുന്നു.
ടെറായ് മേഖലയിൽ സമ്പുഷ്ടമായ സ്വാഭാവിക സസ്യജാലങ്ങളും ജീവിവർഗങ്ങളും ഉണ്ട്.
എക്കൽസമതലങ്ങൾ ടെറായ്‌മേഖലയ്ക്ക് തെക്കായി പുതിയതും പഴയതുമായ എക്കൽനിക്ഷേപങ്ങളാൽ രൂപപ്പെട്ട സമതലഭാഗം.
പഴയ എക്കൽ നിക്ഷേപങ്ങൾ ഭംഗർ എന്നും പുതിയ എക്കൽനിക്ഷേപങ്ങൾ ഖാദർ എന്നും അറിയപ്പെടുന്നു.
നിക്ഷേപണഭൂരൂപങ്ങളായ നദീജന്യദ്വീപുകൾ, മണൽവരമ്പുകൾ, വലയങ്ങൾ, ഓക്‌സ്-ബോതടാകങ്ങൾ എന്നിവ ഈ മേഖലയുടെ സവിശേഷതകളാണ്.
സമതലങ്ങളിൽ നദിയുടെ ഒഴുക്കും ആഴവും കുറവായതിനാൽ അവ ഒഴുക്കിക്കൊണ്ടുവരുന്ന അവസാദങ്ങൾ നദീചാലുകളിൽ ദ്വീപുകളായും (നദീജന്യദ്വീപുകൾ), വശങ്ങളിൽ തിട്ടകളായും (നീർച്ചാൽതിട്ടകൾ) നിക്ഷേപിക്കുന്നു.
പൊടിമണൽ, മണൽ, ചരൽ എന്നിവ ഉൾപ്പെടുന്ന അവസാദങ്ങൾ നദീതടത്തിൽ നിക്ഷേപിച്ച് രൂപപ്പെടുന്ന രേഖീയ ഭൂരൂപങ്ങളാണ് മണൽ വരമ്പുകൾ.
ഡൽറ്റകൾ- സമതലങ്ങളിലൂടെ ഒഴുകി നദീമുഖത്തോട് അടുക്കുമ്പോൾ നദി സാവധാനം ഒഴുകുകയും നദികൾ വഹിച്ചു കൊണ്ടുവരുന്ന അവസാദത്തിന്റെ അളവ് കൂടുതലായതിനാലും നദീജലം കൂടുതലായതിനാലും മിക്ക നദികളും ഈ പ്രദേശത്ത് കൈവഴികളായി പിരിഞ്ഞ് ഒഴുകുന്നു. അവസാദങ്ങൾ ഈ കൈവഴികൾക്കിടയിൽ നിക്ഷേപിക്കപ്പെട്ട് ഏതാണ്ട് ത്രികോണാകൃതിയിലുള്ള ഭൂരൂപങ്ങൾ രൂപംകൊള്ളുന്നു. ഇവയാണ് ഡൽറ്റകൾ. ഗ്രീക്ക് അക്ഷരമാലയിലെ ഡൽറ്റ അക്ഷരത്തിന്റെ ആകൃതിയോട് സാമ്യമുള്ളതുകൊണ്ടാണ് ഈ പേര് ലഭിച്ചത്.
ഉത്തരേന്ത്യൻ സമതലങ്ങളിലെ കാലാവസ്ഥ
ശൈത്യകാലം
ഉത്തരേന്ത്യയിൽ സാധാരണയായി നവംബർ മധ്യത്തോടെ ശൈത്യകാലം ആരംഭിക്കുന്നു
ഉത്തരേന്ത്യൻ സമതലങ്ങളിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ അതിശൈത്യം അനുഭവപ്പെടുന്നു.
അതിശൈത്യത്തിനുള്ള കാരണങ്ങൾ
കാലാവസ്ഥയെ മിതപ്പെടുത്തുന്ന സമുദ്രത്തിന്റെ സ്വാധീനത്തിൽനിന്നും ഏറെ അകലെയാണ് ഉത്തരേന്ത്യൻ സമതലങ്ങളുടെ മിക്ക പ്രദേശങ്ങളും സ്ഥിതിചെയ്യുന്നത്.
ഹിമാലയൻ പർവതനിരകളിലെ മഞ്ഞുവീഴ്ച അതിശക്തമായ ശീതക്കാറ്റിന് കാരണമാകുന്നു
പശ്ചിമേഷ്യയിൽനിന്നും വീശുന്ന ശീതക്കാറ്റ് ഉത്തരേന്ത്യൻ സമതലത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഹിമം, മൂടൽമഞ്ഞ്, ശീതതരംഗം എന്നിവയ്ക്ക് കാരണമാകുന്നു.
ഉത്തരാർധഗോളത്തിൽനിന്നും ദക്ഷിണാർധഗോളത്തിലേക്കുള്ള സൂര്യന്റെ അയനം.
ശൈത്യകാലത്ത് ഉത്തരേന്ത്യൻ സമതലങ്ങളിൽ നേരിയ മഴ ലഭിക്കുന്നു
ഉഷ്ണകാലം
മാർച്ച് മാസത്തോടെ ഉത്തരേന്ത്യൻ സമതലങ്ങളിൽ താപനില ഉയരുന്നു
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഉത്തരേന്ത്യൻ സമതലങ്ങളിൽ ഉഷ്ണം അനുഭവപ്പെടുന്നു.
മെയ് മാസത്തോടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നു.
മെയ്, ജൂൺ മാസങ്ങളിൽ രാജസ്ഥാനിലെ മരുഭൂമി പ്രദേശങ്ങളിൽനിന്നും ഗംഗാസമതലത്തിലേക്ക് വീശുന്ന ശക്തിയേറിയ വരണ്ട ഉഷ്ണക്കാറ്റുകൾ ലൂ എന്നറിയപ്പെടുന്നു. ഈ കാറ്റുകൾ ഉത്തരേന്ത്യൻ സമതലത്തിലെ താപനില ഉയർത്തുന്നു.
പഞ്ചാബ്, ഹരിയാന, കിഴക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വൈകുന്നേരങ്ങളിൽ പൊടിനിറഞ്ഞ കാറ്റുകൾ സാധാരണമാണ്. ഈ കാറ്റുകൾ ചെറിയതോതിലെ മഴയ്ക്ക് കാരണമാകുന്നു.
തെക്കുപടിഞ്ഞാറൻ മൺസൂൺകാലം
മാർച്ച് മാസത്തോടെ ഉത്തരേന്ത്യൻ സമതലങ്ങളിൽ ഗണ്യമായി ഉയരുന്ന താപനില കാരണം ഇവിടെ രൂപം കൊള്ളുന്ന ന്യൂനമർദമേഖല തെക്കുപടിഞ്ഞാറൻ മൺസൂൺകാറ്റുകളെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ആകർഷിക്കുന്നു.
തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ അറബിക്കടൽ ശാഖ, ബംഗാൾ ഉൾക്കടൽശാഖ എന്നീ രണ്ട് ശാഖകളായാണ് തെക്കുപടിഞ്ഞാറൻ മൺസൂൺകാറ്റുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവേശിക്കുന്നത്.
സുന്ദരവനം ഡൽറ്റാപ്രദേശത്തിലൂടെ കരയിലേക്ക് പ്രവേശിക്കുന്ന ബംഗാൾ ഉൾക്കടൽശാഖ രണ്ട് ഉപശാഖകളായി പിരിയുന്നു. ഒന്ന് കിഴക്ക് ദിശയിൽ ബ്രഹ്‌മപുത്രാസമതലത്തിൽ പ്രവേശിച്ച് മഴയായി പെയ്യുന്നു. പടിഞ്ഞാറു ദിശയിൽ ഗംഗാസമതലത്തിലേക്ക് പ്രവേശിക്കുന്ന ഉപശാഖ പശ്ചിമബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ മഴ പെയ്യിക്കുകയും അരാവല്ലി പർവതനിരയ്ക്ക് സമാന്തരമായി നീങ്ങുന്ന അറബിക്കടൽശാഖയുമായി പഞ്ചാബ് സമതലത്തിൽവച്ച് കൂടിച്ചേരുകയും പടിഞ്ഞാറൻ ഹിമാലയത്തിന്റെ അടിവാര മേഖലയിൽ വരെ മഴയെത്തിക്കുകയും ചെയ്യുന്നു.
ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺകാലമാണ് ഉത്തരേന്ത്യൻ സമതലപ്രദേശത്തിലെ പ്രധാന മഴക്കാലം.
വടക്കുകിഴക്കൻ മൺസൂൺകാലം
സൂര്യന്റെ ദക്ഷിണാർധഗോളത്തിലേക്കുള്ള അയനംമൂലം ഉത്തരേന്ത്യൻ സമതലത്തിൽ നിലനിന്നിരുന്ന ന്യൂനമർദമേഖല ക്രമേണ തെക്കോട്ട് പിൻവാങ്ങുന്നു. ഇതിനെ മൺസൂണിന്റെ പിൻവാങ്ങൽക്കാലം എന്ന് പറയുന്നു.
ഈ കാലത്ത് ഉത്തരേന്ത്യൻ സമതലപ്രദേശത്ത് ഉച്ചമർദ്ദമേഖല രൂപപ്പെടുകയും ഇവിടെനിന്നും ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കാറ്റ് വീശുകയും ചെയ്യുന്നു. ഈർപ്പരഹിതമായ ഈ കാറ്റ് വടക്കുകിഴക്ക് ദിശയിൽനിന്നുമായതിനാലാണ് ഈ കാലത്തെ വടക്കുകിഴക്കൻ മൺസൂൺകാലം എന്ന് വിളിക്കുന്നു.
ഉത്തരേന്ത്യൻ സമതലത്തിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ഈ കാലയളവിൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും ഉയർന്ന താപനിലയും ഉണ്ടാും. ഈ പ്രതിഭാസത്തെ ഒക്ടോബർ ചൂട് എന്ന് വിശേഷിപ്പിക്കുന്നു.
ഉത്തരേന്ത്യൻ സമതലങ്ങളിലെ നൈസർഗിക സസ്യജാലങ്ങൾ
ഉത്തരേന്ത്യൻ സമതലത്തിലെ നൈസർഗിക സസ്യജാല വൈവിധ്യത്തിനുള്ള കാരണങ്ങൾ- ഭൂപ്രകൃതി, കാലാവസ്ഥ, മണ്ണിന്റെ സ്വഭാവം
മനുഷ്യന്റെ ഇടപെടലുകളില്ലാതെ, ദീർഘകാലം ഒരു പ്രദേശത്തെ മണ്ണിനെയും കാലാവസ്ഥയേയും മാത്രം അനുകൂല ഘടകങ്ങളാക്കി വളരുന്ന സസ്യങ്ങളാണ് നൈസർഗിക സസ്യജാലങ്ങൾ
ഉത്തരേന്ത്യൻ സമതലത്തിലെ നൈസർഗിക സസ്യജാലങ്ങൾ ഏതെല്ലാം?
ഉഷ്ണമേഖല ഇലപൊഴിയുംവനങ്ങൾ, ഉഷ്ണമേഖല മുൾക്കാടുകൾ, ചതുപ്പുനിലവനങ്ങൾ
ഉഷ്ണമേഖല ഇലപൊഴിയുംവനങ്ങളെ വരണ ഇലപൊഴിയുംകാടുകൾ, ആർദ്ര ഇലപൊഴിയുംകാടുകൾ എന്നിങ്ങനെ രണ്ടായി തിരിക്കാം.
70 സെന്റിമീറ്ററിനും 100 സെന്റിമീറ്ററിനും ഇടയിൽ വാർഷികമഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വരണ്ട ഇലപൊഴിയുംകാടുകൾ കാണപ്പെടുന്നു.
വരണ്ട അന്തരീക്ഷസ്ഥിതിയിൽ ഏകദേശം 6 മുതൽ 8 ആഴ്ചവരെ ഈ സസ്യങ്ങൾ ഇല പൊഴിക്കും.
ഉത്തർപ്രദേശിലെ സമതലങ്ങളിലും ബീഹാറിലും വരണ്ട ഇലപൊഴിയുംവനങ്ങൾ കാണപ്പെടുന്നു.
100 സെന്റിമീറ്ററിനും 200 സെന്റിമീറ്ററിനും ഇടയിൽ വാർഷിക മഴ ലഭിക്കുന്ന ടെറായ്-ഭാബർ മേഖല ഉൾപ്പെടുന്ന സിവാലിക് താഴ് വര, ഒഡിഷയിലേയും പശ്ചിമബംഗാളിലേയും ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആർദ്ര ഇലപൊഴിയുംകാടുകൾ കാണപ്പെടുന്നു.
തേക്ക്, സാൽ ശിഷാം, മഹുവ, നെല്ലി, ചന്ദനം എന്നിവ ഉഷ്ണമേഖല ഇലപൊഴിയുംവനങ്ങളിൽ കാണപ്പെടുന്ന ചില സസ്യവർഗങ്ങളാണ്.
തെക്കുപടിഞ്ഞാറൻ പഞ്ചാബിലെ അർധ വരണ്ട പ്രദേശങ്ങളിലും പടിഞ്ഞാറൻ ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഉഷ്ണമേഖലാമുൾക്കാടുകൾ കാണപ്പെടുന്നു.
ബാബുൽ, ബെർ, വന്യ ഈന്തപ്പനകൾ, ഖൈർ, വേപ്പ്, കെജ്രി, പലാസ് തുടങ്ങിയവയാണ് ഉഷ്ണമേഖലാ മുൾക്കാടുകളിലെ പ്രധാന സസ്യവർഗങ്ങൾ.
രണ്ട് മീറ്റർ ഉയരത്തിൽ വരെ വളരുന്ന ടസോക്കി എന്ന പുല്ല് വിഭാഗങ്ങളും ഉഷ്ണമേഖലാ മുൾക്കാടുകളിൽ കാണപ്പെടുന്നു.
രാജസ്ഥാനിലെ വിശാലമായ ഉപ്പുപാടങ്ങൾ, ശുദ്ധജലതടാകങ്ങൾ, ഗംഗാസമതലത്തിലെ ശുദ്ധജലചതുപ്പുകൾ, ബ്രഹ്‌മപുത്രാനദിയുടെ പ്രളയസമതലങ്ങൾ, സുന്ദർബൻഡൽറ്റാപ്രദേശങ്ങൾ എന്നിവിടങ്ങളെ സ്വാഭാവിക സസ്യജാലങ്ങളാണ് ചതുപ്പുനിലവനങ്ങൾ.
പശ്ചിമബംഗാളിൽ ഗംഗാസമതലത്തിന്റെ ചതുപ്പ് നിറഞ്ഞ അതിവിശാലമായ ഡൽറ്റാ പ്രദേശമാണ് സുന്ദർബൻ.
ഇവിടെ നിബിഢമായ സ്വാഭാവിക സസ്യജാലങ്ങളായ കണ്ടൽക്കാടുകൾ കാണപ്പെടുന്നു.
റോയൽ ബംഗാൾ കടുവകളുടെ സങ്കേതം കൂടിയാണ് സുന്ദർബൻ.
സുന്ദരി എന്നയിനം കണ്ടൽച്ചെടികൾ സുന്ദർബൻ ഡൽറ്റയിൽ കാണപ്പെടുന്നു.
ഉത്തരേന്ത്യൻ സമതലങ്ങളിലെ മണ്ണിനങ്ങൾ
ഉത്തരേന്ത്യൻ സമതലങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന മണ്ണ്?
എക്കൽമണ്ണ്
മണൽമണ്ണ് മുതൽ കളിമണ്ണ് വരെയുള്ള മണ്ണിനങ്ങളുടെ വ്യത്യസ്ത സ്വഭാവങ്ങൾ പുലർത്തുന്നവയാണ് എക്കൽമണ്ണ്
എക്കൽമണ്ണ് രാജസ്ഥാനിൽ കുറവും ഗുജറാത്തിൽ വ്യാപകവുമാണ്
ഗംഗസമതലങ്ങളിൽ കാണപ്പെടുന്ന രണ്ടിനം എക്കൽമണ്ണിനങ്ങൾ?
ഖാദർ, ഭംഗർ
ബ്രഹ്‌മപുത്ര, ഗംഗാസമതലങ്ങളുടെ കീഴ്ഘട്ടത്തിലും മധ്യഘട്ടത്തിലും എക്കൽമണ്ണ് കൂടുതൽ നേർത്തതും കളിമണ്ണ് കലർന്നതുമായി കാണപ്പെടുന്നു.
കൃഷിക്ക് ഏറെ അനുയോജ്യമായ മണ്ണ്?
എക്കൽമണ്ണ്
മധ്യഗംഗാസമതലത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ചെമ്മണ്ണ് കാണപ്പെടുന്നു.
ചെമ്മണ്ണിന് ചുവപ്പുനിറം ലഭിക്കാൻ കാരണമായ ലോഹം?
ഇരുമ്പ്
സുന്ദർബൻ ഡൽറ്റാപ്രദേശങ്ങളിൽ കാണപ്പെടുന്ന മണ്ണ്?
ലവണമണ്ണ്
മണലും പശിമമണ്ണും കൂടിക്കലർന്ന ലവണമണ്ണിൽ ഉപ്പിന്റെ അംശം കൂടുതലാണ്.
ഡൽറ്റാപ്രദേശങ്ങളിലെ സമുദ്രജലക്കയറ്റമാണ് ലവണമണ്ണ് ഉണ്ടാകാൻ കാരണം.
ഉത്തരേന്ത്യൻ സമതലങ്ങളിൽ പലയിടങ്ങളിലും ജലസേചനത്തിലൂടെ തീവ്രകൃഷി നടത്തിയ ഇടങ്ങളിൽ എക്കൽമണ്ണ് ശോഷിച്ച് ലവണമണ്ണായി മാറിയിട്ടുണ്ട്.
പശ്ചിമബംഗാളിന്റെ തീരപ്രദേശങ്ങളിൽ പീറ്റ് മണ്ണ് കാണപ്പെടുന്നു.
പടിഞ്ഞാറൻ രാജസ്ഥാനിൽ വ്യാപകമായി കാണപ്പെടുന്ന മണ്ണ്?
വരണ്ടമണ്ണ്
ഘടനാപരമായി മണൽരൂപവും ലവണത്വ സ്വഭാവവുമുള്ള വരണ്ടമണ്ണിൽ ജൈവാംശവും ജലാംശവും വളരെ കുറവാണ്.
ഇന്ത്യയിലെ മണ്ണിനങ്ങൾ- എക്കൽമണ്ണ്, വരണ്ടമണ്ണ്, കറുത്തമണ്ണ്, വനമണ്ണ്, ചെങ്കൽമണ്ണ്, ചെമ്മണ്ണ്, മഞ്ഞമണ്ണ്
ഉത്തരേന്ത്യൻ സമതലത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
ഫലഭൂയിഷ്ഠമായ എക്കൽമണ്ണ്, നിരപ്പാർന്ന ഭൂപ്രകൃതി, എപ്പോഴും നീരൊഴുക്കുള്ള നദികൾ, അനുയോജ്യമായ കാലാവസ്ഥ
ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ നാലിൽ ഒന്ന് ഭാഗത്തിനും താഴെയാണ് ഉത്തരേന്ത്യൻ സമതലത്തിന്റെ വിസ്തീർണ്ണം.
ഉത്തരേന്ത്യൻ സമതലം ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ പകുതിയിലേറെയും ഉൾക്കൊള്ളുന്നു
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം?
കാർഷികമേഖല
ഇന്ത്യയുടെ കാർഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്?
ഉത്തരമഹാസമതലം
ഉത്തരേന്ത്യൻ സമതലങ്ങളിൽ ഗോതമ്പ്, നെല്ല്, ചണം, കരിമ്പ് തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു.
ഇന്ത്യയുടെ ധാന്യപ്പുര- ഉത്തരേന്ത്യൻ മഹാസമതലം
ഉത്തരേന്ത്യൻ മഹാസമതലത്തിൽ ഖാരിഫ്, റാബി, സായ്ദ് എന്നീ മുന്ന് വ്യത്യസ്ത കാർഷിക കാലങ്ങൾ ഉണ്ട്.
തെക്കുപടിഞ്ഞാറൻ മൺസൂൺകാലത്തിനോട് ചേർന്ന് വരുന്ന കാർഷികകാലം?
ഖാരിഫ്
ശൈത്യകാലത്തിന്റെ വരവോടെ ആരംഭിക്കുന്ന കാർഷികകാലമാണ്?
റാബി
റാബി വിളകളുടെ വിളവെടുപ്പിനുശേഷം ആരംഭിക്കുന്ന ദൈർഘ്യം കുറഞ്ഞ വേനൽക്കാല കാർഷികകാലം?
സായ്ദ്
ഖാരിഫ് (ജൂൺ മുതൽ സെപ്റ്റംബർ വരെ) വിളകൾ: ഉഷ്ണമേഖലാ വിളകളായ നെല്ല്, പരുത്തി, ചണം, ബജ്‌റ, തുവര
റാബി (ഒക്‌ടോബർ മുതൽ മാർച്ച് വരെ) വിളകൾ: മിതോഷ്ണ- ഉപോഷ്ണ വിളകളായ ഗോതമ്പ്, പയറുവർഗങ്ങൾ, കടുക് വർഗങ്ങൾ, ബാർലി
സായ്ദ് (ഏപ്രിൽ മുതൽ ജൂൺ വരെ) വിളകൾ– പച്ചക്കറി, പഴങ്ങൾ, കാലിത്തീറ്റ